പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷായും നടൻ ഹരീഷ് കണാരനും തമ്മിലുള്ള വിഷയം ചൂടേറിയ ചർച്ചകൾക്കാണ് ഇട വരുത്തിയത്. ഇരുവരുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രണ്ടുപേരും രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ മറ്റൊരു കുറിപ്പുമായെത്തിയിരിക്കുകയാണ് എൻ.എം. ബാദുഷാ.
തന്റെ സിനിമയിലെ ബന്ധങ്ങളും മികവും മനസിലാക്കിയാണ് ഹരീഷ് കണാരൻ ഡേറ്റ് അടക്കമുള്ള അദ്ദേഹത്തിന്റെ കാര്യങ്ങൾ തന്നെ ഏൽപ്പിക്കുന്നതെന്ന് ബാദുഷ പറയുന്നു.
ഹരീഷിനായി ചെയ്ത 72 സിനിമകളിൽ 16 സിനിമകളിൽ മാത്രമാണ് പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തതെന്നും ബാക്കിയുള്ള സിനിമകൾക്കായി താൻ ചെയ്ത ജോലിക്കുള്ള പ്രതിഫലം നൽകേണ്ടത് ഹരീഷ് തന്നെയാണെന്നും ബാദുഷ വെളിപ്പെടുത്തി.
ബാദുഷായുടെ കുറിപ്പ്
കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.
ആർട്ടിസ്റ്റുകളെ പ്രോപ്പറായി മാനേജ് ചെയ്യുക അഥവാ celebrity management വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്.
നടന്റെ അല്ലെങ്കിൽ നടിയുടെ Date മാനേജ്മെന്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും. എന്റെ ബന്ധങ്ങളും മികവും മനസിലാക്കി ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്.
അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?
അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡ. കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽക്കിയിട്ടുണ്ട്. ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്.
അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസിലാകുന്നില്ല. അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്.
പ്രതികരിക്കാൻ വൈകിയത് വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല. ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.
സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ.. ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല. എല്ലാവരോടും സ്നേഹം മാത്രം..ബാദുഷ